ജീവിതരേഖ

തീനാമ്പുകളില്‍ പിറന്നു, പടര്‍ന്നു കേരള രാഷ്ട്രീയത്തിന്‍റെ വെളച്ചമായി വ.എസ്. അച്യുതാന്ദന്‍ നിലകൊള്ളുന്നു.

1923 ഒക്ടോബര്‍ 20-ന് ആലപ്പുഴ ജില്ലയിലെ പുന്നപ്ര, വേലിക്കകത്ത് ശങ്കരന്‍റേയും അക്കാമ്മയുടേയും മകനായി ജനനം. 4-ാം വയസ്സില്‍ അമ്മയേയും 11-ാം വയസ്സില്‍ അച്ഛനേയും നഷ്ടപ്പെട്ടു.

മൂത്ത ജ്യേഷ്ഠന്‍റെ തണലിലായിരുന്നു പിന്നീട് ബാല്യവും കൗമാരവും ജ്യേഷ്ഠന്‍റെ തയ്യല്‍ കടയില്‍ സഹായിയായി പ്രവര്‍ത്തിച്ചു. ആസ്പിന്‍വാള്‍ കമ്പനിയില്‍ 17-ാം വയസ്സില്‍ കയര്‍ തൊഴിലാളിയായി ജീവതമാരംഭിച്ചു ഈ ചെറുപ്പക്കാരനെ സഖാവ് പി.കൃഷ്ണപള്ളയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാക്കിയത്.

കുട്ടനാട്ടിലെ പാവപ്പെട്ട കര്‍ഷക തൊഴിലാളികളെ സംഘടിപ്പിക്കുകയായിരുന്നു സഖാവ് പി. കൃഷ്ണപിള്ള ഏല്‍പ്പിച്ച ദൗത്യം. കേരളത്തിലെ സംഘടിത തൊഴിലാളി വര്‍ഗ്ഗ ചരിത്രത്തിലെ ഒരു ജ്വലിക്കുന്ന ഏട് ഈ ചെറുപ്പക്കാരന്‍ എഴുതി ചേര്‍ത്തു. പിന്നീട് ജീവിതത്തിലും പോരാട്ടത്തിലും വി.എസ്സിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. 1957-ല്‍ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേല്‍ക്കുമ്പോള്‍ അതിന് ഏറ്റവുമധികം സംഭാവന നല്‍കിയ ആലപ്പുഴ ജില്ലയില പാര്‍ട്ടിയുടെ അമരക്കാരനായിരുന്നു വി.എസ്. താമസിയാതെ പാര്‍ട്ടി സെക്രട്ടറിയേറ്റ് മെമ്പറായി. 1958-ല്‍ ദേവികുളത്തു നടന്ന സംസ്ഥാനത്തെ ആദ്യത്തെ ഉപതെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ചത് അന്ന് ആലപ്പുഴ ജല്ലാ സെക്രട്ടറിയായിരുന്ന വി.എസ്സാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്ത്ഥി റോസമ്മാ പുന്നൂസിനെ വിജയിപ്പിച്ച് ഇ.എം.എസ് ഗവണ്‍മെന്‍റിനെ ശക്തിപ്പെടുത്തിയ ചരിത്രദൗത്യം അങ്ങനെ വി.എസിന്‍റെ പേരില്‍ കുറിക്കപ്പെട്ടു. 1964-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന് വേദിയായ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി സി.പി.ഐ (എം) രൂപീകരിച്ചവരില്‍ ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വി.എസ്. 1980 മുതല്‍ 1992 വരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയായിരുന്നു. 1996 മുതല്‍ 2000 വരെ എല്‍.ഡി.എഫ് കണ്‍വീനറായിരുന്നു. 1992 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും പ്രതിപക്ഷ നേതാവുമായിരുന്നു. 2009 വരെ സി.പി.ഐ (എം) ന്‍റെ പോളിറ്റ് ബ്യൂറോ അംഗമായിരുന്നു. അഴിമതിയ്ക്കും അനീതിയ്ക്കും ജനവിരുദ്ധ ഭരണത്തിനുമേതിരെ സന്ധിയില്ലാത്ത പോരാട്ടങ്ങളാണ് പിന്നീട് വി.എസ്. നടത്തിയത്. കേരളത്തിന്‍റെ മണ്ണും പ്രകൃതിയും പുഴകളും സംരക്ഷിക്കാനുള്ള ചരിത്ര ദൗത്യം വി.എസ്. എന്ന ചുരുക്കപ്പേരില്‍ സാര്‍ത്ഥമാകുന്നതാണ് ഈ കാലയളവില്‍ കേരളം കണ്ടത്. 2006 ല്‍ അദ്ദേഹം മുഖ്യമന്ത്രിയായി. ഐശ്വര്യപൂര്‍ണ്ണമായ കേരളം കെട്ടിപ്പടുക്കുന്നതിന് സാാരഥ്യം വഹിക്കുമ്പോള്‍തന്നെ അഴിമതിയ്ക്കും അനീതിയ്ക്കും ജനവിരുദ്ധ രാഷ്ട്രീയത്തിനുമെതിരെയുള്ള തന്‍റെ പോരാട്ടം വിട്ടുവീഴ്ചയില്ലാതെ വി.എസ്. തുടര്‍ന്നു. ഇന്ന് കേരള രാഷ്ട്രീയത്തില്‍ വി.എസ്സിനൊപ്പം നില്‍ക്കുന്ന മറ്റൊരാളില്ല. ജനങ്ങളുടെ കലവറയില്ലാത്ത ആ സ്നേഹം നല്‍കുന്ന ഊര്‍ജ്ജത്തില്‍ നിന്നും അടിപതറാതെ ഈ പടനായകന്‍ മുന്നോട്ട്.